മഞ്ചേരി കെ.അബ്‌ദുല്ല ഹസൻ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി.അബ്‌ദുല്ല ഹസന്‍ സാഹിബ് രോഗ ബാധിതനായി കുറച്ച് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഖത്തര്‍ മലയാളികളില്‍ ഇസ്‌ലാമികമായ സംസ്‌ക്കാരം യഥാവിധി ബോധപൂര്‍വ്വം സന്നിവേശിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിതിനും പരിശുദ്ധ ഇസ്‌ലാമിന്റെ തനതായ ധര്‍മ്മബോധത്തിന്റെ യഥാര്‍ഥ പതിപ്പുകളാക്കുന്നതിനും അശ്രാന്തം പരിശ്രമിച്ച പണ്ഡിത ശ്രേഷ്‌ഠരായ നേതാക്കളില്‍ പ്രമുഖനാണ്.
പണ്ഡിതനും ഗ്രന്ഥകാരനുമായ അബ്‌ദുല്ല ഹസന്‍ 1943-ല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ജനിച്ചു. പിതാവ് അഹ്‌മദ് കൊടക്കാടന്‍. മാതാവ് തലാപ്പില്‍ ഫാത്വിമ.
കുറ്റ്യാടി ഇസ്‌ലാമിയ കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം 1959-1967-ൽ ശാന്തപുരം ഇസ്‌ലാമിയാ കോളേജിൽ പഠിച്ച് എഫ്.ഡി, ബി.എസ്.എസ്.സി. ബിരുദങ്ങൾ നേടി. തുടർന്ന് ആലപ്പുഴ ഭാഗത്ത് അധ്യാപകനും പ്രസ്ഥാനത്തിൻ്റെ മുഴുസമയ പ്രവർത്തകനുമായി. സകരിയ്യാ ബസാറിൽ മർകസുൽ ഉലൂം മദ്റസ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. പിന്നീട് പ്രബോധനം മാസികയുടെ ചുമതല വഹിച്ചതോടൊപ്പം ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗമായും കേരള കൂടിയാലോചനാ സമിതിയംഗമായും പ്രവർത്തിച്ചു.
ഖത്തര്‍ ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷൻ സ്ഥാപകാംഗമാണ്. മൂന്ന് തവണ അസോസിയേഷൻ പ്രസിഡന്റായിട്ടുണ്ട്. 2001-ൽ നാട്ടിൽ തിരിച്ചെത്തിയ ശേഷം വീണ്ടും ജമാഅത് ശൂറയിലും നുമാഇൻദഗാനിലും അംഗമായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് ഇസ്‌ലാമിക ദർശനം എന്ന ഗ്രന്ഥത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ, ശാന്തപുരം ദഅവാ കോളേജ് പ്രിൻസിപ്പൽ, റിസർച്ച് സെന്റർ ഡയറക്‌ടര്‍, ഐ.പി.എച്ച്. ഡയറക്‌ടര്‍ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇസ്‌ലാമിക വിജ്ഞാനകോശം നിർമാണ സമിതി, ശാന്തപുരം അൽജാമിഅ അലുംനി അസോസിയേഷൻ നിർവാഹക സമിതി, ഇത്തിഹാദുൽ ഉലമാ കേരള പ്രവർത്തക സമിതി എന്നിവയിൽ അംഗമായിരുന്നു.
ഇബാദത്ത് ഒരു ലഘുപരിചയം, റമദാൻ ആചാരങ്ങളും അനുഷ്ഠാനങ്ങളും, സച്ചരിതരായ ഖലീഫമാർ (രണ്ട് ഭാഗം), സകാത്ത്: തത്ത്വവും പ്രയോഗവും, ബഹുസ്വര സമൂഹത്തിലെ മുസ്‌ലിംകൾ, മുസ്‌ലിം സ്ത്രീ: പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും, മുത്തുമാല (രണ്ടുഭാഗം), കർമശാസ്ത്രത്തിന്റെ കവാടം എന്നിവയാണ് പ്രധാന കൃതികൾ.
ഇസ്‌ലാമിക വിജ്ഞാനകോശത്തിലും ആനുകാലികങ്ങളിലും ധാരാളമായി എഴുതിയിരുന്നു. സുഊദി അറേബ്യ, ഒമാൻ, കുവൈത്ത്,മലേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.
ഭാര്യ: എ.സാബിറ.മക്കൾ: അഹ്‌മദ് ഫൈസൽ (കുവൈത് കെ.ഐ.ജി പ്രസിഡൻ്റ്),അബ്‌ദുസ്സലാം(ഖത്വർ),അൻവർ സഈദ്(കുവൈത്), അലി മൻസൂർ, ഹസീന,ഡോ.അനീസ് റഹ്‌മാൻ, ആബിദ് റഹ്‌മാന്‍, അൽത്വാഫ് ഹുസൈൻ.
അബ്‌ദുല്ല ഹസൻ സാഹിബ് ഉദയം ഇഫ്‌താര്‍ സംഗമത്തിൽ,1999 ലെ ചിത്രം. വേദിയില്‍: അബൂബക്കര്‍ അല്‍ മുഫ്‌ത,അബ്‌ദുല്‍ മജീദ് ആര്‍.വി,ഡോ.സമീര്‍ കലന്തന്‍ എന്നിവര്‍.
========
അബ്‌ദു ശുകൂര്‍ സാഹിബ് കുറിച്ചിട്ട ഒരു അനുസ്‌മരണ കുറിപ്പ്..
===================
പ്രിയപ്പെട്ട കൂട്ടുകാരാ, നിനക്കെന്‍റെ സര്‍വ്വ ഭാവുകങ്ങളും!
എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ അബ്‌ദുല്ല ഹസന്‍ സാഹിബ് (ഹസനിക്ക) അല്ലാഹുവിങ്കലേക്ക് യാത്ര പോയിരിക്കുന്നു. “നാമെല്ലാം അല്ലാഹുവിന്‍റേതാണ്. അവനിലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്”. ആരുടേയും മരണമെന്നെ ദുഃഖിപ്പിക്കാറില്ല. അല്ലാഹുവിന്‍റെ സാമീപ്യത്തിന്‍റെ തണലിലേക്ക് വിളിക്കപ്പെട്ടവരുടെ സൌഭാഗ്യമോര്‍ത്ത് ആനന്ദിക്കാറാണ് പതിവ്. തികച്ചും സഫലമായ ഒരു ജീവിതത്തിന്‍റെ നിറഞ്ഞ സംതൃപ്തിയുടെ തൂമന്ദഹാസം ചൂണ്ടിലൊളിപ്പിച്ച്, കടന്ന് പോയ കൂട്ടുകാരാ.. താങ്കളെയോര്‍ത്ത് ഞാനിപ്പോള്‍ ആനന്ദാശ്രുക്കളാണ് പൊഴിക്കുന്നത്. താങ്കള്‍ അല്ലാഹുവുമായി ചെയ്ത കരാര്‍ സത്യസന്ധമായി പൂര്‍ത്തീകരിച്ചാണല്ലോ വിട പറഞ്ഞ് പോയത്. ‘സത്യവിശ്വാസികളില്‍ അല്ലാഹുവോട് ചെയ്ത കരാര്‍ സത്യസന്ധമായി പാലിച്ച ഒരു പാട് മനുഷ്യരുണ്ട്. അവരില്‍ ചിലര്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചു (മടങ്ങി). ചിലര്‍ കാത്തിരിക്കുകയാണ്. അവരാരും തങ്ങളുടെ ഉടമ്പടിയില്‍ നീക്ക് പോക്കുകള്‍ വരുത്തിയിട്ടില്ല’.
എങ്കിലും ചില നഷ്ടബോധങ്ങള്‍ ഇപ്പോഴെന്നെ പിടി കൂടുന്നു സഹോദരാ. എനിക്ക് ആരെല്ലാമോ ആയിരുന്നുവല്ലോ താങ്കള്‍. ഒരു ജേഷ്ഠ സഹോദരനെപ്പോലെ എന്നെ സ്നേഹിച്ച എന്‍റെ ആത്മമിത്രം. പതിറ്റാണ്ടുകള്‍ നീണ്ട എന്‍റെ ഖത്തര്‍ ജീവിതത്തില്‍ സ്നേഹവും സൌഹൃദവും ആത്മ വിശ്വാസവും പകര്‍ന്ന് തന്ന് എന്നെ പ്രചോദിപ്പിച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍.
ഞാനദ്ദേഹത്തെ ആദ്യമായി കാണുന്നത് എഴുപതുകളുടെ മധ്യത്തില്‍ (അടിയന്തരാവസ്ഥ കാലത്താണെന്ന് തോന്നുന്നു) കുറ്റ്യാടി ഇസ്ലാമിയ കോളേജില്‍ വിദ്യര്‍ത്ഥിയായിരിക്കെയാണ്. അന്നൊരിക്കല്‍ ഉച്ച ഭക്ഷണം കഴിച്ച് വരവേ, പ്രിന്‍സിപ്പല്‍ വി.അബ്ദുല്ല മൌലവി അദ്ദേഹത്തിന്‍റെ റൂമിലേക്ക് എന്നെ വിളിപ്പിച്ചു. ചെന്നപ്പോള്‍ ശുഭ്രവസ്ത്ര ധാരിയും കൃശഗാത്രനുമായ ഒരതിഥി അവിടെ അദ്ദേഹത്തിന് മുന്നില്‍ കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ആളെ ചൂണ്ടി പ്രിന്‍സിപ്ള്‍ എന്നോട് ചോദിച്ചു: ഇദ്ദേഹത്തെ അറിയുമോ? ഇവരെ പരിചയപ്പെടുത്താനാണ് ഞാന്‍ നിന്നെ വിളിപ്പിച്ചത്.
ഇല്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ഇത് അബ്ദുല്ലാ ഹസന്‍. ശാന്തപുരം കഴിഞ്ഞതാണ്.പണ്ഡിതനാണ്. നന്നായി പ്രസംഗിക്കും, എഴുതും. ഇവിടെ നമ്മുടെ ലൈബ്രറിയില്‍ ചില റഫറന്‍സ് തേടി വന്നതാണ്. കുറച്ച് നാളുകള്‍ ഇവിടെ കണ്ടേക്കും’. എന്നെ തിരിച്ചും അദ്ദേഹത്തിന് പരിചയപ്പെടുത്തി. എന്നിട്ട് കണ്ണിറുക്കി ചിരിച്ച് കൊണ്ട് അദ്ദേഹം അതിഥിയോടായി പറഞ്ഞു: നിങ്ങളെപ്പോലെ എഴുത്തിന്‍റെ ചില അസ്കിതകളൊക്കെ ഇവനും ഉണ്ട്. (അന്ന് എന്‍റേതായി ഒന്ന് രണ്ട് ലേഖനങ്ങള്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിലും വാരാന്ത്യപ്പതിപ്പിലുമായി പ്രസിദ്ധീകരിച്ച് വന്നിരുന്നു).
പരസ്പരം പരിചയപ്പെട്ടതിലുള്ള മന്ദസ്മിതം കൈമാറി ഞാന്‍ പുറത്ത് വന്നു. കുറച്ച് നാളുകള്‍ അദ്ദേഹം ഇവിടെ കാണുമല്ലോ. വിശദമായ പരിചയപ്പെടല്‍ പിന്നീടാകാം എന്ന് ഞാന്‍ മനസ്സിലോര്‍ത്തു. പക്ഷേ പിന്നീട് അദ്ദേഹത്തെ ലൈബ്രറിയില്‍ കാണാതിരുന്നപ്പോള്‍ അന്വേഷിച്ചു. എന്തോ അടിയന്തിര ആവശ്യം നേരിട്ടതിനാല്‍ അന്ന് വൈകുന്നേരം തന്നെ അദ്ദേഹം പോയിരുന്നു.
പിന്നീട് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് അധികം വൈകാതെ തന്നെ കേള്‍ക്കുന്നത്, കൂറ്റ്യാടി കോളേജില്‍ നിന്ന് ഖത്തറിലെ റിലിജിയസ് ഇന്‍സ്റ്റിറ്യൂട്ടില്‍ പഠിക്കാന്‍ എനിക്ക് അവസരം കിട്ടിയത് അറിഞ്ഞപ്പോഴാണ്. ശാന്തപുരത്ത് നിന്ന് അവസരം കിട്ടിയവരില്‍ അബ്‌ദുല്ലാ ഹസന്‍ സാഹിബുമുണ്ട് എന്ന സന്തോഷം എന്‍റെ പിതാവ് തന്നെയാണ് എന്നോട് പങ്ക് വെച്ചത്. ഉപ്പാക്ക് യുവ പണ്ഡിതനും പ്രഭാഷകനുമായ അബ്‌ദുല്ലാ ഹസനെ പെരുത്ത് ഇഷ്ടമായിരുന്നു. അത് കൊണ്ടാകാം, വല്ലാത്തൊരു ആവേശത്തോടെയാണ്, ഉപ്പ പറഞ്ഞത്: ‘നിനക്ക് ഖത്തറിലേക്കുള്ള യാത്രയില്‍ പക്വമതിയായ ഒരു കൂട്ടുകാരന്‍ ഉണ്ട്. അബ്‌ദുല്ലാ ഹസനും ഇത്തവണ സെലക്ഷന്‍ കിട്ടിയിരിക്കുന്നു എന്നാണറിഞ്ഞത്. ഉത്തമനായൊരു ഗുണകാംക്ഷിയായി നിനക്കദ്ദേഹത്തെ കരുതാം. നാളെ പുളിക്കല്‍ അദ്ദേഹത്തിന്‍റെ ഒരു പ്രഭാഷണമുണ്ട്. അവിടെ പോയി അദ്ദേഹത്തെ കണ്ട് പരിചയപ്പെടണം’.
ഞാന്‍ പോയി. ഒരു കെട്ടിടത്തിന്‍റെ ഒന്നാം നിലയിലുള്ള കോലായിയില്‍ നിന്ന് കൊണ്ടുള്ള വലിയ കുപ്പായത്തിനുള്ളിലെ ആ മെലിഞ്ഞ മനുഷ്യന്‍റെ ചടുലമായ പ്രഭാഷണം, റോട്ടില്‍ നിന്ന് കേള്‍ക്കുന്ന കേള്‍വിക്കാരില്‍ ഒരുവനായി ഞാനും നിന്നു എന്നതൊഴിച്ചാല്‍, അന്നും അദ്ദേഹത്തെ അടുത്ത് പരിചയപ്പെടാന്‍ എനിക്ക് കഴിഞ്ഞില്ല.
ദൌര്‍ഭാഗ്യ വശാല്‍ ഖത്തറിലെ അക്കൊല്ലത്തെ അഡ്മിഷന്‍ മുഴുവനായി നിര്‍ത്തിവെച്ചതായാണ് പിന്നീട് അറിഞ്ഞത്. ആര്‍ക്കും പോകാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ അബ്ദുല്ല ഹസന്‍ സാഹിബിന് മാത്രം അദ്ദേഹത്തിന്‍റെ ചില സുഹൃര്‍ത്തുക്കളുടെ പ്രത്യേക ശ്രമഫലമായി ആ വര്‍ഷം തന്നെ ഖത്തറില്‍ എത്താന്‍ സാധിച്ചു. ഞങ്ങള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള കുറച്ച് പേര്‍ നിരാശരായി നാട്ടില്‍ തന്നെ തുടരേണ്ടി വന്നു.
പിന്നീട് 1977ല്‍ ആണ് ആ അപേക്ഷകളൊക്കെ പൊടി തട്ടിയെടുത്ത് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയാധികൃതരുടെ മുന്നിലെത്തിച്ച് അംഗീകരിപ്പിക്കാന്‍ പ്രസ്ഥാന ബന്ധുക്കളായ ചില സഹോദരങ്ങള്‍ ശ്രമിച്ച് വിജയിച്ചത്. അങ്ങിനെയാണ് എനിക്ക് ’77 സെപ്റ്റമ്പറോട് കൂടി ഖത്തറില്‍ എത്താനായത്. അവിടം മുതലാണ് ഞാനും അബ്‌ദുല്ലാ ഹസന്‍ സാഹിബുമായുള്ള ആത്മ ബന്ധത്തിന്‍റെ തുടക്കം.
ആ ബന്ധം ഇന്നോളം നിര്‍വിഘ്നം ഊഷ്മളമായി തുടരുകയാണ്. ഏതാണ്ട് നാലര പതിറ്റാണ്ടോളം നീണ്ട് നിന്ന സാഹോദര്യ ബന്ധം. പറയത്തക്ക കാലുഷ്യങ്ങളൊന്നും ഇന്ന് വരെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകാതെ. രണ്ട് സ്വതന്ത്ര വ്യക്തികളെന്ന നിലയില്‍ പോരായ്മകളോ ദൗര്‍ബല്യങ്ങളോ തീര്‍ത്തും ഇല്ലാഞ്ഞത് കൊണ്ടല്ല. പക്ഷേ ഊഷ്മളമായ സ്നേഹ സൗഹാര്‍ദ്ധങ്ങള്‍ അവയെയൊക്കെ അതിജയിച്ച് നിന്നതിനാല്‍, അവക്ക് തീരെ പരിഗണന കൊടുക്കാന്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും തീരെ കഴിയുമായിരുന്നില്ല. താല്‍പര്യങ്ങളില്ലാതെ സത്യസന്ധമായി സ്നേഹിച്ചാല്‍ എല്ലാ പോരായ്മകളെയും പരിഭവങ്ങളെയും മറികടക്കാന്‍ നമുക്ക് കഴിയും.
ആയിരത്തി തൊള്ളായിരത്തി എണ്‍പതില്‍ ഞാന്‍ പഠനം കഴിഞ്ഞ് ഹോസ്റ്റല്‍ വിട്ടിറങ്ങിയപ്പോള്‍ എനിക്കഭയമായത് അദ്ദേഹത്തിന്‍റെ സ്നേഹാര്‍ദ്രമായ മനസ്സാണ്. അപ്പോഴദ്ദേഹം ദോഹ മുനിസിപ്പാലിറ്റിയില്‍ ജോലിയില്‍ പ്രവേശിച്ച്, മറ്റു നാലഞ്ച് കൂട്ടുകാരോടൊപ്പം ഒരു റൂമില്‍ താമസമാണ്. അന്ന് അനാഥത്വത്തിലേക്ക് എന്ന് തന്നെ പറയാം, പടിയിറങ്ങി വന്ന എന്നെ കരുതലോടെ ചേര്‍ത്ത് നിര്‍ത്താന്‍ ദോഹയിലെനിക്ക് മറ്റാരുമുണ്ടായിരുന്നില്ല. പട്ടിണി കിടക്കണമെങ്കില്‍ പോലും മാസാന്തം നൂറ്റി അന്‍പത് രിയാലെങ്കിലും കൈവശം വേണ്ടിയിരുന്ന കാലമാണ് അന്നത്തെ ദോഹ. അന്ന് ആ റൂമിലെ പരിമിതികളിലേക്കാണ്, എന്നെയും ചേര്‍ത്തു പിടിച്ച് അദ്ദേഹം സനാഥനാക്കിയത്. മാത്രമല്ല അദ്ദേഹം ജോലി ചെയ്‌തിടത്ത് തന്നെ എനിക്കുമൊരു ജോലി തരപ്പെടുത്തി തന്നതും അദ്ദേഹം തന്നെ.
ഖത്തറിലെ ജീവിത വീഥികളിലുടനീളം ഗുണകാംക്ഷാ പൂര്‍ണ്ണമായ പാരസ്പര്യത്തിന്‍റെ ഊഷ്മളത പുലര്‍ത്താന്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും ആത്മ ഹര്‍ഷത്തോടെ കഴിഞ്ഞിരുന്നു. ഞങ്ങള്‍ രണ്ട് വ്യക്തികളില്‍ മാത്രമൊതുങ്ങിയിരുന്നില്ല ആ ബന്ധം. രണ്ട് കുടുംബങ്ങളുടെ ആഴമുള്ള ഇഴുകിച്ചേരലായി അത് പരിണമിച്ചു. ഖത്തറിലും നാട്ടിലും.
പ്രസ്ഥാന പാതയിലും എനിക്ക് ഗുരുവും മാര്‍ഗ്ഗ ദര്‍ശിയുമായിരുന്നു അദ്ദേഹം. എന്‍റെ വൈജ്ഞാനികവും ചിന്താപരവുമായ വികാസത്തിലും അദ്ദേഹവുമായുള്ള സഹവാസത്തിന്‍റെ സ്വാധീനം ചെറുതല്ല. തന്നോട് സഹവസിക്കുന്നവരുടെ കഴിവുകള്‍ മനസ്സിലാക്കി അവ വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അങ്ങിനെയാണ്, എണ്‍പത്തി ഒന്നിലോ മറ്റോ ആണെന്നാണ് ഓര്‍മ്മ, പ്രബോധനത്തില്‍ ആദ്യമായി എന്‍റെയൊരു ലേഖനം വെളിച്ചം കണ്ടത്. ഞാന്‍ ഒരു യൂണിറ്റ് യോഗത്തില്‍ അവതരിപ്പിക്കാന്‍ എഴുതി തയ്യാറാക്കിയ ഒരു വാര്‍ത്താ കുറിപ്പ്, ചില ടിപ്സ് പറഞ്ഞ് തന്ന് എന്നെക്കൊണ്ട് തന്നെ മാറ്റിയെഴുതിച്ച്, പ്രബോധനത്തിലേക്ക് അയപ്പിക്കുകയായിരുന്നു.
ഒത്ത് കൂടുമ്പോഴധികവും പ്രാസ്ഥാനികമോ വൈജ്ഞാനികമോ ആയ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയാണ് ഞങ്ങളുടെ ഇമ്പമാര്‍ന്ന വിനോദം.ചിലപ്പോള്‍ വായിച്ച പുസ്തകങ്ങളെ വിലയിരുത്തിയാകും സംസാരം. വീക്ഷണങ്ങളിലും നിലപാടുകളിലും കാര്‍ക്കശ്യം വെച്ച് പുലര്‍ത്തുന്നതോടൊപ്പം തന്നെ, മറ്റു വീക്ഷണങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കാനുള്ള നിഷ്കളങ്കമായ താല്‍പര്യം എപ്പോഴും കാണിക്കുമായിരുന്നു.
വളരെ നേരത്തെ മുതല്‍ തന്നെ സ്ത്രീ പക്ഷ വായന നടത്തിയിരുന്ന ആളായിരുന്നു അബ്‌ദുല്ലാ ഹസന്‍ സാഹിബ്. സ്ത്രീ വിമോചനം അദ്ദേഹത്തിന്‍റെ ഇഷ്ട വിഷയങ്ങളില്‍ പെടുമായിരുന്നു. സ്ത്രീ വിമോചനത്തിന്‍റെ ഇസ്ലാമിക മാതൃകയെക്കുറിച്ച് ഈയുള്ളവനൊക്കെ ചിന്തിച്ച് തുടങ്ങുന്നത് തന്നെ, അദ്ദേഹത്തിന്‍റെ ക്ലാസ്സുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. മുസ്ഥഫസ്സുബാഇ യുടെ ‘അല്‍ മര്‍അത്തു ബൈനല്‍ ഫിഖ്ഹി വല്‍ ഖാനൂന്‍’ പോലുള്ള പുസ്തകങ്ങള്‍ അക്കാലത്ത് തന്നെ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു.
ഇസ്ലാമിന്‍റെ സ്ത്രീ വിമോചന സമീപനത്തെ പ്രകീര്‍ത്തിച്ചും ശ്ലാഘിച്ചും പറഞ്ഞും പഠിപ്പിച്ചും ശീലിച്ചു പോന്ന അദ്ദേഹം, അവസാന ഘട്ടത്തില്‍ സ്ത്രീയുടെ ആത്യന്തികമായ വിമോചനം വീടും വീട്ടകവും, കുടുംബത്തെ വളര്‍ത്തിയെടുക്കലുമാണെന്ന വിധി തീര്‍പ്പിലേക്ക് എത്തിയത് അത്തരം പുസ്തകങ്ങളുടെ സ്വാധീനമാകാം.
അവസാന വര്‍ഷങ്ങളില്‍ ഞങ്ങള്‍ കണ്ട് മുട്ടിയപ്പോഴൊക്കെ പ്രാമാണികമായി തന്‍റെ വീക്ഷണം തന്നെയാണ് ശരിയെന്നദ്ദേഹം ഉറപ്പിച്ച് പറയാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ എന്‍റെ വിയോജനവും പ്രകടിപ്പിക്കും.
കണ്ട് മുട്ടുമ്പോഴൊക്കെ അല്‍പ സമയമാണെങ്കിലും എന്തെങ്കിലും വൈജ്ഞാനികമോ പ്രാസ്ഥാനികമോ ആയ ചര്‍ച്ചകളില്‍ ഏര്‍പ്പെടുക ഞങ്ങളുടെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്‍റെ വീക്ഷണങ്ങളോട് വിയോജിക്കുമ്പോഴും, വിയോജിപ്പിന്‍റെ മറു വീക്ഷണങ്ങള്‍ക്ക് പോലും പ്രാമാണികത കണ്ടെത്താന്‍ അദ്ദേഹവുമായുള്ള സംവാദങ്ങളിലൂടെ കഴിഞ്ഞിരുന്നു എന്നതാണ് വസ്തുത. പ്രാമാണികതയുടെ വ്യക്തത അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളുടെയും സവിശേഷതയായിരുന്നു. അതിന്‍റെ മാധുര്യവും വശ്യതയുമായിരുന്നു.
2019 രണ്ടാം പാതിയില്‍ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ്, സാധാരണ പോലെ അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കണ്ട് അവസാനത്തെ സംവാദം നടന്നത്. അന്നും സ്ത്രീ തന്നെയായിരുന്നു തുടക്കം. അന്ന് ഞാനാ വിഷയം മനുഷ്യന്‍റെ ജനാധിപത്യാവകാശങ്ങളുടെ തലത്തില്‍ നോക്കി കാണാനാണ് ശ്രമിച്ചത്. ജനാധിപത്യം പ്രമാണ വിരുദ്ധമാണ് എന്ന വീക്ഷണത്തില്‍ നിന്ന് കൊണ്ടാണ് അദ്ദേഹമതിന് മറുപടി പറയാന്‍ ശ്രമിച്ചത്.
അതോടെ ‘ജനാധിപത്യ’വും ‘ദൈവാധിപത്യ’വും തമ്മിലുള്ള താദാത്മ്യങ്ങളുടെയും വിയോജിപ്പുകളുടെയും ഒരു സ്നേഹ സംവാദമായി മാറി ഞങ്ങളുടേത്.
(ജനാധിപത്യമൂല്യങ്ങളെ പുനഃസ്ഥാപിച്ച് മാനവികത സംരക്ഷിക്കാന്‍ ഖുര്‍ആന്‍ എങ്ങിനെയാണ് ശ്രമിക്കുന്നത് എന്ന വിഷയത്തില്‍ എന്‍റെ പരിമിതികള്‍ക്കുള്ളില്‍ ഒരു പഠനം നടത്തി വരുന്നുണ്ടായിരുന്നു ഞാനപ്പോള്‍). ഞങ്ങളുടെ ചര്‍ച്ച തല്‍ക്കാലം വിരാമമിട്ടു കൊണ്ട് അദ്ദേഹം പറഞ്ഞു: എന്നാല്‍ നീ അതൊക്കെ ഒന്ന് എഴുതി താ. എന്നിട്ട് ഞാന്‍ അതിന് പ്രാമാണികമായി തന്നെ മറുപടി നല്‍കാം.
അക്കൊല്ലം ഖത്തറിലേക്ക് തിരികെ വന്നത് മുതല്‍ അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം കൂടി പരിഗണിച്ച് ഞാനാ പഠനം എഴുതി തയ്യാറാക്കാന്‍ തുടങ്ങി. അതിനിടക്ക് കോവിഡും മറ്റുമൊക്കെയായി ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം 2020 ഡിസംബറില്‍ ഞാന്‍ നാട്ടില്‍ തിരികെ വന്നപ്പോള്‍, അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി മോശമായതറിഞ്ഞാണ് കാണാന്‍ പോയത്. ഡയബറ്റിക് ആയിരുന്ന അദ്ദേഹത്തിന്‍റെ കിഡ്നി മിക്കവാറും പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരുന്ന അവസ്ഥയിലായിരുന്നു അദ്ദേഹമപ്പോള്‍. കാണുമ്പോള്‍ ശരീരമൊട്ടാകെ നീരുണ്ടായിരുന്നു. പറ്റാവുന്ന വിധം സമാശ്വാസം നല്‍കാന്‍ ശ്രമിച്ച് തിരിച്ചു പോരുകയായിരുന്നു. പിന്നീടും ഒന്ന് രണ്ട് തവണ കൂടി അന്ന് കണ്ടിരുന്നു. പിന്നെ കഴിഞ്ഞ ഏപ്രിലില്‍ ഞങ്ങള്‍ തിരികെ ഖത്തറിലേക്ക് തന്നെ പോയി.
ഇപ്പോള്‍ ഭാര്യാ മാതാവിന് വാര്‍ദ്ധക്യ സഹജമായ പ്രയാസങ്ങള്‍ കൂടുതലാണെന്നറിഞ്ഞു സെപ്റ്റംബര്‍ 3നു ഞാനും ഭാര്യയും നാട്ടിലെത്തി, വിവരങ്ങളറിയാനും അറിയിക്കാനുമായി ഭാര്യ, അബ്‌ദുല്ലാ ഹസന്‍ സാഹിബിന്‍റെ സഹധര്‍മ്മിണിയുമായി ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം അവശ നിലയില്‍ ഹോസ്പിറ്റലൈസ് ചെയ്യപ്പെട്ട ഷോകിങ് ന്യൂസ് അറിയുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നതിനാല്‍ ഒന്ന് പോയി കാണാന്‍ പോലും സാധിച്ചില്ല.
എന്നാലും ഒരു പാട് പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നു ഞങ്ങള്‍. മനസ്സ് നിറച്ചും പ്രാര്‍ഥനയും. അദ്ദേഹം ആരോഗ്യം മെച്ചപ്പെട്ട് തിരികെ വീട്ടിലെത്തുമെന്നും ഞങ്ങള്‍ക്ക് വീണ്ടും കണ്ടു മുട്ടാമെന്നും. അപ്പോള്‍ അദ്ദേഹത്തോട് പറയണം: ‘ഞാനാ വിഷയം ഏറെക്കുറെ എഴുതി പൂര്‍ത്തീകരിച്ചിരിക്കുന്നു. നമുക്കൊരിക്കല്‍ ഒന്നിച്ചിരുന്ന് അതൊന്ന് ചര്‍ച്ച ചെയ്യണമെന്ന്’.
പക്ഷേ, അദ്ദേഹത്തെ ഞങ്ങള്‍ക്ക് തിരികെ തരേണമേ എന്ന എന്‍റെയും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും പ്രാര്‍ഥന സ്വീകരിക്കുന്നതിനെക്കാള്‍, ജീവിത സാഫല്യമറിഞ്ഞ അദ്ദേഹത്തെ സ്വന്തം സവിതത്തിലേക്ക് ആനയിക്കലാണെന്ന്, അദ്ദേഹത്തെ ഇഷ്ടപ്പെട്ട കരുണാ വാരിധിയായ ദൈവം തമ്പുരാന്‍ കരുതിയിരിക്കും.
പ്രിയപ്പെട്ട കൂട്ടുകാരാ! സര്‍വ്വ ഭാവുകങ്ങളും!. അല്ലാഹുവിന്‍റെ ചാരെ സമാധാന ചിത്തനായി സന്തോഷത്തോടെ വാണരുളുക!. നമുക്കൊത്തൊരുമിക്കാനും നമ്മുടെ സ്നേഹ സംവാദങ്ങള്‍ നിതാന്തമായി തുടരാനും സര്‍വ്വ ശക്തന്‍ നമുക്കിനിയും തുണയേകട്ടെ.
“സായൂജ്യമടഞ്ഞ ആത്മാവേ, സന്തോഷത്തോടെയും സംതൃപ്തിയോടെ സ്വീകരിക്കപ്പെടും നീ നിന്‍റെ നാഥനിലേക്ക് മടങ്ങുക. എന്‍റെ ഇഷ്ടദാസരുടെ കൂട്ടത്തിലേക്ക് ഉള്‍ച്ചേര്‍ന്ന് കൊള്‍ക. എന്‍റെ സ്വര്‍ഗ്ഗീയാരാമത്തില്‍ പ്രവേശിച്ച് കൊള്‍ക”.
അബ്‌ദു ശൂകൂര്‍