നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, January 5, 2016

ആള്‍‌ ദൈവങ്ങള്‍

ആള്‍‌ ദൈവങ്ങള്‍:വി.എം.കെബീര്‍ തിരുനെല്ലൂര്‍:
ചെറിയ പെരുന്നാള്‍ കഴിഞ്ഞാല്‍ ചിലയിടങ്ങളില്‍ ഒരു നോട്ടീസ് പ്രത്യക്ഷപ്പെടും " ദര്‍ഗ ടൂര്‍ പ്രോഗ്രാം" വെളിയങ്കോട്‌ നിന്നു തുടങ്ങി പൊന്നാനി, മുത്തുപ്പേട്ട, ഖാദിയാ റോഡ്,പത്തിരിപ്പാല,മഞ്ഞക്കുളം,ഏര്‍വാടി,എന്നിവിടങ്ങളിള്‍ ദുആ ഇരന്ന് തമിഴ്‌ നാട്‌ കര്‍ണാടക വഴി പേരുകേട്ട ഔലിയാക്കളുടെ ദര്‍ഗകള്‍ സന്ദര്‍ശിച്ച് അജ്‌മീറില്‍ താമസിച്ച് പുണ്യം നേടിയിട്ട് തിരിച്ച് ഭീമാപ്പളളിയില്‍ ടൂര്‍ പ്രോഗ്രാം അവസാനിക്കുന്നു. പുണ്യം നേടാന്‍ എട്ടു ദിവസത്തെ യാത്ര.

കുടുംബസമേതം യാത്ര ചെയ്യാവുന്ന രീതിയിലാണ് സംഘാടനം.അയല്‍വാസികസികളോ, കുടുംബക്കാരോ,സുഹൃത്തുക്കളോ,എല്ലാവര്‍ക്കും കൂടിയുള്ള സുഖകരമായ പുണ്യം നേടാനുളള യാത്ര.

യാത്ര തുടങ്ങാന്‍ പോകുന്ന സമയത്തായിരിക്കും ചിലപ്പോള്‍ ജുമുഅ നമസ്‌കാരത്തിനുളള ബാങ്ക് വിളി അപ്പോള്‍ ആ ജുമുഅ നമസ്‌കാരവും പോയി.

വിഷയത്തലേക്ക് കടക്കാം മതങ്ങളും കച്ചവടവല്‍ക്കരിപ്പെട്ടിട്ട് കാലങ്ങളോളം ആയിരിക്കുന്നു എന്നാലും ഈ അടുത്തകാലത്ത് കാണാന്‍ കഴിഞ്ഞതും കേള്‍ക്കാന്‍ കഴിഞ്ഞതുമായ കാര്യങ്ങളാണ് മേല്‍ പറഞ്ഞത്. (അല്ലാതെ ഖബര്‍ സിയാറത്തിനെ അവഗണിച്ചു കാണാനൊ.. എതിര്‍ക്കാനോ അല്ല )


നമ്മുടെ രാജ്യത്ത് പുരോഹിതന്മാരും പണ്ടേ വ്യാപാരികളായിരുന്നു. ദൈവത്തിനും ജനങ്ങള്‍ക്കുമിടയില്‍ ഏജന്റായി ചമഞ്ഞ് പ്രവര്‍ത്തിക്കുന്ന ചിലരുണ്ട്  പണം പിടുങ്ങുകയാണ് അവരുടെ ലക്ഷ്യം.എന്നാല്‍ പള്ളികളിലും അമ്പലങ്ങളിലും പോകുന്ന സാധാരണ ജനങ്ങള്‍ക്ക് പണ്ടൊക്കെ ആത്മാര്‍ഥത ഉണ്ടായിരുന്നു. ഇന്ന് അവരും മതത്തിനെ സമീപിക്കുന്നത് കച്ചവടക്കണ്ണോടെയാണ്.ദൈവം എല്ലാം അവര്‍ക്ക് നല്‍കണം, അവരാകട്ടെ ഒന്നും നല്‍കുന്നില്ല.ആരാധനാലയങ്ങളിലെ കാണിക്കപ്പെട്ടികകളില്‍ ഭക്തര്‍ പൊന്നും പണവും നിക്ഷേപിക്കുന്നത് അതിന്റെ എത്രയോ ഇരട്ടി തങ്ങള്‍ക്ക് തിരികെ നല്‍കാന്‍ ദൈവത്തിന് ബാധ്യതയുണ്ട് എന്ന മട്ടിലാണ് അതികപേരും ദൈവവുമായി ഏകപക്ഷീയമായി ചെയ്‌ത കരാറിന്റെ അടിസ്ഥാനത്തില്‍ ദൈവത്തിനുളള കമ്മീഷന്‍ അല്ലെങ്കില്‍ കൂലി എന്ന നിലക്കാണ് ആരാധനാലയങ്ങള്‍ക്ക് ദാനം ചെയ്യുന്നത്.അവരെ സംബന്ധിച്ചിടത്തോളം അതൊരു നിക്ഷേപമാണ് കച്ചവടത്തിലെന്ന പോലെ നാലിരട്ടി തിരികെ കിട്ടേണ്ട നിക്ഷേപം. ഭക്തിയും മതവും കച്ചവടവല്‍ക്കരിക്കപ്പെടുമ്പോള്‍ ദൈവം കൊള്ള,കൊല തുടങ്ങിയ സകല കൊള്ളരുതായ്‌മകള്‍‌ക്കും ഭക്തന് കാവല്‍ നില്‍ക്കേണ്ടതായി വരുന്നു. ഇക്കാര്യത്തില്‍ വീഴ്‌ച വരുത്തുന്ന ദൈവങ്ങളെ ഭക്തര്‍ കയ്യൊഴിയുകയും കൂടുതല്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കുന്ന ദൈവങ്ങളെ പകരം വെക്കുകയും ചെയ്യുന്നു. പച്ച വെള്ളം പോലും കുടിക്കാന്‍ കഴിവില്ലാത്ത ഭക്തനില്‍ നിന്നും പൂവും, കോഴിമുട്ടയും,ചരടിനും,ഏലസ്സിനും വേണ്ടി കാശ്  പിരിച്ചെടുക്കുന്ന ദൈവങ്ങള്‍.വിശുദ്ധാംഗനകളെ പിച്ചിക്കീറുന്ന മനുഷ്യ ദൈവങ്ങള്‍ അവരുടെ കച്ചവടം തുടരുമ്പോള്‍ അവര്‍ക്കു  മാത്രമല്ല അവരെ അതിനു അനുവദിക്കുന്ന നമുക്കും സം‌സ്‌കാരം അന്യമായിത്തീരുന്നു....

വി.എം.കെബീര്‍ തിരുനെല്ലൂര്‍