നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, January 6, 2016

പലിശയും ഇസ്‌ലാമിക സമൂഹവും

പലിശയും ഇസ്‌ലാമിക സമൂഹവും : റഷീദ്‌ പാവറട്ടി.
പലിശ കടുത്തപാപമാണു.എന്നാൽ പലിശ കൊണ്ട്‌ പലിശയെ പ്രതിരോധിക്കുന്നതിൽ വിരോധമില്ല.മുസ്‌ലിംലോകം ഏറെ ഈവിഷയം ചർച്ച ചെയ്‌തിട്ടുണ്ട്‌. പൊതു പ്രവർത്തനത്തിന്ന് പലിശ ഉപയോഗപ്പെടുത്തണം.അല്ലങ്കിൽ ആ പലിശപ്പണമായിരിയ്‌ക്കാം തോക്കുകളായും ബോംബുകളായും മിസൈലുകളായും തീവ്ര- ഭീകര പ്രസ്‌ഥാനങ്ങളായും നമുക്കിടയിൽ വന്നു പതിക്കുന്നത്‌.
പലിശ ഭക്ഷിക്കാൻ പാടില്ല. മദ്യവും പന്നിമാംസവും  അനുവദിക്കപെട്ട സാഹചര്യത്തിലൊഴികെ ആരെങ്കിലും പലിശ ഭക്ഷിക്കുന്നുവെങ്കിൽ അത്‌ ഗുരുതരമായ പാപമാണു.അനുവദിക്കപ്പെടുന്ന നിർബന്ധിത സാഹചര്യത്തിലാണങ്കിൽ അതിന്റെ പാപ ഭാരം പേറേണ്ടത്‌ അവിടുത്തെ മൊത്തം വിശ്വാസികളിലെ സമ്പന്നരാണു.( "അവരുടെ ധനത്തിൽ ചോദിച്ചു വരുന്നവർക്കും പ്രാഥമിക ആവശ്യങ്ങൾക്ക്‌ വകയില്ലാത്തവർക്കും  നിർണ്ണിതമായ അവകാശമുണ്ട്‌ " 8/35 ) 

നമുക്കിടയിൽ ലോട്ടറി വിൽപനക്കാരും ബാർ ജീവനകാരും കുറിക്കമ്പനി/ഫൈനാൻസ്‌ സ്ഥാപനങ്ങൾ....തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന ധാരാളം മുസ്‌ലിംകൾ ഉണ്ട്‌.പൊതുവെ ഇവർ വിമർശിക്കപ്പെടാറുണ്ട്‌.എന്നാൽ അവരെ വിമർശകർ പലപ്പോഴും അന്വേഷിക്കാറില്ല.കാരണം ഒന്നാമത്‌,അന്വേഷിച്ചാൽ പ്രതിവിധി നിർവ്വഹിക്കാൻ ഇക്കൂട്ടർ അശക്തരാണു.മറ്റൊന്ന് ആ അർത്ഥത്തിലുള്ള ഇസ്‌ലാമിനെ ഇക്കൂട്ടർക്ക്‌ പരിചയമില്ല.ദീൻ എന്നത്‌ കേവലം ഭക്തിമതമായി മാത്രമെ ഇവർക്ക്‌ അറിയൂ .സമുദായത്തിൽ ഇന്ന് നിലനിൽക്കുന്ന ഹറാമുകൾ മദ്യവും പലിശയും വ്യഭിചാരവും മാത്രമായി ചുരുങ്ങിയിരിക്കുന്നു.കല സാഹിത്യം.സംസ്‌കാരം സാമ്പത്തീകം രാഷ്‌ട്രം രാഷ്‌ട്രീയം ഭരണം പ്രതിപക്ഷം നിർമ്മാണം വിവാഹം ആഡംബരം കച്ചവടം വസ്‌ത്രം വീട്‌ നീതി നിയമം പീഡിതരുടെ മോചനം സമരം പ്രതികരണം പ്രതിഷേധം സക്കാത്ത്‌ കരാർ യുദ്ധം ഖിലാഫത്ത്‌ പള്ളി പരിപാലനം തുടങ്ങിയ ഖുർആനിക കൽപനകളുടേയും നിർദേശങ്ങളുടേയും (വിധി വിലക്കുകൾ) നേരെ കണ്ണടക്കുകയും വമ്പൻ സ്രാവുകളെ ഒഴുകാൻ അനുവദിച്ചു കൊണ്ട്‌ പരൽമീനുകളെ ആക്രമിക്കുകയും ചെയ്യുന്ന ഒരു ഭക്തിമത വികാരത്തിലാണു നാം.

നൂറു ശതമാനവും പലിശയിൽ സ്ഥാപിതമായ ഒരു സാമ്പത്തീക രാഷ്‌ട്ര - രാഷ്‌ട്രീയ ക്രമത്തിലാണു വിശുദ്ധ ഖുർആനിന്റെ വക്ത്താക്കളാണെന്ന്‌ സ്വയം വിളിക്കപ്പെടുന്ന നാം ജീവിക്കുന്നത്‌.ഇവിടുത്തെ റോഡും പാലവും വെള്ളവും റേഷനും വിദ്യാഭ്യാസവും ആശുപത്രികളും വൈദ്യുതിയും ബാങ്കുകളും ശമ്പളവും തുടങ്ങി സർവ്വമാന മേഖലയും പലിശയുടെ മുകളിലാണു നിലനിൽക്കുന്നത്‌.മദ്യവും വ്യഭിചാരവും ധാരാളമായി നമ്മുടെ നാട്ടിലുണ്ട്‌.ആ കെട്ടിടങ്ങളിൽ നിന്നെല്ലാം വൻ നികുതിയും നമ്മുടെ ഖജനാവുകളിൽ എത്തുന്നുമുണ്ട്‌.(ജനാധിപത്യത്തിന്റെ മറ്റൊരു പേരാണു പലിശാധിപത്യം) നാം ഇതെല്ലാം ഒരു മനസാക്ഷി കുത്തുമില്ലാതെ ആസ്വദിച്ച്‌ അനുഭവിച്ച്‌ വരുന്നു.അവയിലെ അനിസ്‌ലാമികത നമുക്കൊരു വിഷയമേ അല്ല.

നാം കണിശതയോടെ നോക്കി കാണുന്നതും വിമർശിക്കുന്നതും ലക്ഷങ്ങൾ പൊടിച്ച്‌ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഉദ്‌ബോധന  പ്രഭാഷണ പരമ്പരകൾ സംഘടിപ്പിക്കുന്നേടത്തും ഇസ്‌ലാമിന്റെ രാഷ്‌ട്രീയ സാമ്പത്തിക കലാ സാഹിത്യ സാംസ്‌കാരിക സാമൂഹ്യ മൂല്യങ്ങൾ ചർച്ചയാകുന്നില്ല.ബഹുഭൂരിപക്ഷം പണ്ഡിതന്മാർ പോലും തനത്‌ ഇസ്‌ലാമിൽ നിന്നും (ഖിലാഫത്തിന്റെ 40 വർഷക്കാലം)അകന്നു നിൽകുന്നവരും സംസാരിക്കുന്നവരുമാണ്‌ മുആവിയയും പിൻപുറക്കാരും രൂപപ്പെടുത്തിയെടുത്ത ഭക്തി മതം തന്നെയാണു ഇന്നും നാം അനുഭവിക്കുന്ന ഇസ്‌ലാം.ഖിലാഫത്തിന്റെ ഇന്നലകളിലേക്കു തിരിച്ചു പോയിക്കൊണ്ട്‌ ഒരു സമ്പൂർണ്ണ ഇസ്‌ലാമിക വ്യവസ്ഥിതിയാണു നാം പിന്തുടരേണ്ടത്‌ എന്നും പറയുന്നവർ പുത്തൻ വാദികളും പുത്തന്‍ പ്രസ്ഥാനക്കരുമായി സമൂഹത്തിൽ കക്ഷിതാൽപര്യക്കാർ മുദ്ര കുത്തുന്നു. എന്നിട്ടവർ പറയുന്നു " മതം ദൈവത്തിനും രാഷ്‌ട്രം ജനങ്ങൾക്കും " അഥവ ഇന്ധനം ഊറ്റിക്കളഞ്ഞ്‌ വാഹനം ഓടിക്കാൻ ശ്രമിക്കുന്നു.ഈ സാഹചര്യത്തിലാണു 'പലിശ' ചർച്ച ചെയ്യപ്പെടേണ്ടത്‌.

വിവാഹം വീട്‌ പണി വാഹനം വിദ്യാഭ്യാസം റിയൽ എസ്‌റ്റേറ്റ് മുതൽ ബിൾഡിംഗ്‌ നിർമ്മാണം തുടങ്ങി പല ആവശ്യങ്ങൾക്കും ലോൺ എടുക്കുന്നവരാണ്‌ ഇന്ന് ഏറിയ ഭാഗം മുസ്‌ലിംകളും.ഇതിനെതിരെ ശക്തമായ ബോധവൽകരണം നടക്കണം.എന്നിട്ട്‌ മഹല്ല് ആ വിഷയങ്ങൾ കൈകാര്യം ചെയ്യണം.അതിന്ന് മഹല്ലുകളുടെ കൈകാര്യകർത്താക്കൾ (ജീവിതത്തില്‍ വിശുദ്ധി പുലര്‍ത്തുന്നവര്‍) 'ഇഖാമത്തുദ്ധീനിനു' വേണ്ടി നിലകൊള്ളുന്നവരുമാകണം.മഹല്ലിൽ സക്കാത്തുകൾ കുമിഞ്ഞു കൂടിയ 'ബൈത്തുൽ മാൽ'രൂപപ്പെടണം.അപ്പോൾ 'ശറഇ' യായ കാരണങ്ങളാൽ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുന്നവർക്ക്‌ അല്ലാഹു അനുവദിച്ച  തന്റെ സ്വന്തം സമ്പത്ത്‌ (ഔദാര്യമായിട്ടല്ലാതെ)അവകാശമായി അഭിമാനക്ഷതം സംഭവിക്കാതെ ആവശ്യത്തിന്ന് ഗുണഭോക്താക്കള്‍‌ക്ക്‌ നല്‍‌കാന്‍ കഴിയും.അല്ലാത്ത കാലത്തോളം മേൽപറഞ്ഞ മേഖലയിൽ  ഈ സമുദായത്തിന്റെയും പ്രാതിനിധ്യം നമുക്ക്‌ ദര്‍ശിക്കാനാകും.

പർദ്ധയും മുഖമക്കനയും അണിഞ്ഞ സ്‌ത്രീകളും താടിയും തലപ്പാവുമുള്ള പുരുഷന്മാരും 30 ദിവസം നോമ്പും നോറ്റ്‌ പെരുന്നാളിന്നു പണമില്ലാതെ പലിശ സ്ഥാപനങ്ങളിൽ കയറി ഇറങ്ങുന്നതിൽ ഇവിടുത്തെ മഹല്ലിനും പണ്ഡിതൻ മാർക്കും എന്താണു പറയാനുണ്ടാവുക? അപ്പോഴും നാം അവരെ വിമർശിച്ചു കൊണ്ടിരിക്കും.അഭിമാന ഭയത്താൽ ബന്ധുക്കൾക്കു മുന്നിൽ പോലും കൈനീട്ടാൻ മടിക്കുന്ന അഭിമാനികളാണു പലരും .ഇവിടെ ഒരു ഇസ്‌ലാമിക സാമ്പത്തീക ക്രമവും സക്കാത്ത്‌ സംവിധാനവും കൃത്യതയോടെ നിലവിൽ വരുത്തുക എന്നതും, ധനവാൻ കൃത്യമായി സക്കാത്ത്‌ ബൈത്തുൽ മാലിൽ അടക്കുക എന്നതും, നമസ്‌കാരവും നോമ്പും ഹജ്ജും പോലെ എന്നാണോ ഈ സമുദായം പ്രാവർത്തികമാക്കുന്നത്‌ അപ്പോള്‍ മാത്രമേ ഏറെ പ്രാധാന്യമര്‍‌ഹിക്കുന്ന സാമ്പത്തിക വശത്തില്‍ സമുദായം വിശുദ്ധി കൈവരിക്കൂ.എന്നാൽ നിവർത്തികേടു കൊണ്ടും വേണ്ടവിധം തർബിയത്ത്‌ ആർജ്ജിക്കാതെയുമുള്ള ഒരു കാലയളവിൽ സംഭവിച്ച വീഴ്ച്ചകളെ എന്ത്‌ വില കൊടുത്തും പരിഹരിക്കാനുള്ള  ശ്രമവും തുടരേണ്ടതുണ്ട്‌.നമസ്‌കാരവും ഇസ്‌ലാമിക പ്രവർത്തനങ്ങളും നിർവ്വഹിക്കുന്ന; ഭീമമായ പലിശ ഭാരം പേറുന്നവരുമായ പലരേയും ഈ ലേഖകന്ന് നേരിട്ടറിയാം.  അവരൊക്കയും അതിൽ നിന്നുള്ള മോചനത്തിന്റെ വഴികളിൽ തീവ്രമായി ശ്രമിച്ചു കൊണ്ടിരിക്കുകയുമാണു.അല്ലാഹു അവരുടെ പ്രയാസങ്ങളെ എത്രയും വേഗം ദുരീകരിക്കുമാറാകട്ടെ....( ആമീൻ)
റഷീദ്‌ പാവറട്ടി.