നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, February 16, 2016

എന്‍റെ വിഭാവനയിലെ ഗ്രാമം.

എന്‍റെ വിഭാവനയിലെ ഗ്രാമം. സൈനുദ്ധീന്‍ ഖുറൈഷി.

ഞാന്‍ വിഭാവനം ചെയ്യുന്ന ഗ്രാമം ഒരു സമുദായത്തിന് വേണ്ടി മാത്രമുള്ളതാവില്ല. ഒരു പൊതു സമൂഹത്തിന് വേണ്ടി ഉള്ളതായിരിക്കും അത്. പ്രശാന്ത സുന്ദരമായ ഒരു ഗ്രാമം.ഗ്രാമീണതയുടെ എല്ലാ സൌന്ദര്യവും നന്മകളും നിഷ്കളങ്കതയും ഉള്ള പഴയ രൂപത്തിന്‍റെ  വിരൂപമാക്കപെടാത്ത പുതിയ മുഖം.

ഭാഷാര്‍ത്ഥത്തില്‍ മഹല്ല് ഒരു പക്ഷെ ഒരു പൊതുസമൂഹത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടാവാം.എങ്കിലും പ്രായോഗികതയുടെ വായനയില്‍ അതിന് ഒരു സമുദായത്തിലേക്ക് സങ്കുചിതപ്പെടേണ്ടതായുണ്ട്. ക്രിസ്തീയ സഹോദരങ്ങളുടെ പള്ളി ഇടവക പോലെ അത് പ്രവര്‍ത്തനങ്ങളില്‍ അവരവരിലേക്ക് പരിമിതപ്പെടുകയും ഇതര മതസ്ഥരിലേക്ക് ഔദാര്യത്തിന്റെ മുഖം വന്ന് ചേരുകയും ചെയ്യും.

ഒരു ഗ്രാമത്തിന്‍റെ ഗ്രാമ്യ ഭംഗിയിലേക്ക് നോക്കുമ്പോള്‍ ആദ്യം കാണുക കൃഷി നിലങ്ങള്‍ ആയിരിക്കും. പിന്നെ കൈത്തോടുകളും വരമ്പുകളും ഫലവൃക്ഷങ്ങളാല്‍ നിബിഡമായ പറമ്പുകളും...പുഴയും കായലും പള്ളിയും അമ്പലവും ചര്‍ച്ചും വിദ്യാലയവും മദ്രസ്സയും ചെറിയൊരു അങ്ങാടിയും പോസ്റ്റ്‌ ഓഫീസും .....അങ്ങനെ പോകും ആ പട്ടിക. ഇതിനൊക്കെ ആധാരമായി വര്‍ത്തിക്കുക ആ ഗ്രാമത്തിന്‍റെ ഭൂമിശാസ്ത്രപരമായ സൌഭാഗ്യങ്ങള്‍ ആണ്.

നമ്മളെ ഓരോരുത്തരെയും സംബന്ധിച്ച് നോക്കുമ്പോള്‍ ഈ ഒരു അനുഗ്രഹം വേണ്ടുവോളം ലഭിച്ചവര്‍ ആണ്.പ്രകൃതി കനിഞ്ഞെകിയ എല്ലാ സൌന്ദര്യവും സൌഭാഗ്യവും നമുക്കുണ്ട്. ഇല്ലാതെ പോയത് നമ്മുടെ മനസ്സിന്‍റെ വലുപ്പമാണ്. നെല്‍കൃഷി കാണുവാന്‍ അവധിക്കാലത്ത്‌ ടൂര്‍ പോകേണ്ടി വരുന്ന ഗതികേടിലാണ് നമ്മള്‍. കഴിയുമെങ്കില്‍ കൃഷിയെ പുനരുജ്ജീവിപ്പിക്കാനും ഉഴുതു മറിച്ച മണ്ണിന്‍റെ മണം വീണ്ടെടുക്കാനും അതിലൂടെ വിഷാംശമില്ലാത്ത ശുദ്ധമായ ഭക്ഷണം കഴിക്കാനും നമുക്ക് കഴിയണം.എല്ലാവരും കൃഷി ഭൂമി വാങ്ങി കൃഷി ചെയ്യണം എന്ന്‍ ഇതിന് അര്‍ത്ഥമില്ല.തരിശായി കിടക്കുന്ന ഭൂമികള്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണം.

ഇതോടൊപ്പം ചേര്‍ത്ത് പറയേണ്ട ഒന്ന്‍ കൂടിയുണ്ട്. അത് വൃത്തിയാണ്. നമ്മുടെ ഗ്രാമം മാലിന്യ മുക്തമാക്കാന്‍ ഉള്ള പദ്ധതികള്‍ ഓരോ വീടുകളില്‍ നിന്ന് തുടങ്ങി ഗ്രാമം വ്യാപിപ്പിക്കണം. ബയോഗാസ് പ്ലാന്റുകള്‍ പോലെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ സഹായത്തോടെയും അല്ലാതെയും നമുക്ക് ചെയ്യാന്‍ കഴിയണം.ഒപ്പം പരിസരമലിനീകരണം ചെയ്യുന്ന അശ്രദ്ധരായ ആളുകളെ ബോധവത്കരിക്കുകയും തടയുകയും ചെയ്യണം.

നല്ലൊരു ആരോഗ്യ കേന്ദ്രം ഒരു പൂര്‍ണ്ണ ഗ്രാമത്തിന്‍റെ നിറുകയിലെ പൊന്‍ തൂവലാണ്. അതിനോട് ചേര്‍ന്ന്‍ ഒരു മെഡിക്കല്‍ ഷോപ്പ്. ഒന്ന് കൂടി സമകാലീനമായാല്‍ ഒരു ലാബറട്ടറിയും.അപ്പര്‍ പ്രൈമറിയെങ്കിലും (ഹൈസ്കൂള്‍ ആയാലും തെറ്റില്ല.)എല്ലാ അര്‍ത്ഥത്തിലും ഇന്നത്തെ കാലത്തോട് ചേര്‍ന്ന് പോകുന്ന സംവിധാനങ്ങളോടെ  ഉള്ള ഒരു വിദ്യാലയം.

അറിവിന്‍റെ എല്ലാ മേഖലകളോടും സമരസപ്പെടുകയും ഒപ്പം മത്സരിച്ച് നില്‍ക്കുകയും ചെയ്യുന്ന ഒരു  വായനശാല ഒരു നല്ല ഗ്രാമത്തിന്‍റെ ആത്മാവാണെന്ന് പറയാം. വായിക്കുക്ക നിന്‍റെ നാഥന്റെ നാമത്തില്‍ എന്ന ആപ്ത വാക്യത്തിന്റെ പൊരുള്‍ തന്നെ അതിന് നിധാനം. കാലികമായി ചേര്‍ത്ത് നിര്‍ത്താന്‍ ഒരു ടെലിവിഷ്യനും.വിദ്യാസംബന്ധിയായ പഠന ക്ലാസ്സുകളും സാഹിത്യ സംഗമങ്ങളും ബോധവത്കരണ പരിപാടികളും ഒക്കെയുള്ള ഒരു വായനശാല. ഒപ്പം ഗ്രാമഭൂമികയിലെ കലാ-സാഹിത്യ-വിജ്ഞാന സര്‍ഗ്ഗധനരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. ഒരു പക്ഷെ ഒരു ഗ്രാമം ചരിത്രത്തില്‍ അടയാളപ്പെടുക അവരുടെ പേരിലൂടെ ആവാം.

ഈ ചര്‍ച്ചയുടെ ഉത്ഭവത്തെ മാനിക്കുമ്പോള്‍ തീര്‍ച്ചയായും മഹല്ലിലേക്ക് വരേണ്ടതായുണ്ട്. അങ്ങനെ വരുമ്പോള്‍ ആദ്യം വേണ്ടത് ആശയപരമായ വൈവിധ്യങ്ങളെ മാറ്റി വെച്ച് ഒരു പൊതുധാരാ പ്രവര്‍ത്തനം സ്വീകരിക്കുക.എന്നതാണ്. ഓരോരുത്തരും മനസ്സിലാക്കി വെച്ചിരിക്കുന്ന ശരികളെ തെറ്റാണ് എന്ന് സമര്‍ത്തിക്കുവാനും തിരുത്താനും ശ്രമിക്കുമ്പോള്‍ ആ ശരികളെ നില നിര്‍ത്താനുള്ള ശ്രമങ്ങളും മറുഭാഗത്ത് ഉണ്ടാകും. ഇവിടെ ഗ്രൂപ്പുകള്‍ ഉണ്ടാകും. അത് അങ്ങനെ നീങ്ങട്ടെ. ഒരു ഉറക്കം കൊണ്ട് നേരം വെളുക്കില്ല എന്ന ഒരു സമീപനമാണ് ഇതില്‍ നല്ലതെന്ന് തോന്നുന്നു. അങ്ങേനെയാണെങ്കില്‍ നമ്മുടെ നല്ല ഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് വേഗം എത്താനാവും. അതല്ലെങ്കില്‍ ഇതൊക്കെ ഇങ്ങനെ ചര്‍ച്ച ചെയ്ത് ആത്മസായൂജ്യം അടയാം.

ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും  അധിഷ്ടിതമായി മാത്രം പ്രവര്‍ത്തിച്ചാല്‍ ദാരിദ്ര്യ രഹിതമായ ഒരു ഗ്രാമജനതയെ വാര്‍ത്തെടുക്കാം.സക്കാത്തിന്‍റെ അനന്ത സാധ്യതകള്‍ നമ്മുടെ മുന്നിലുണ്ട്. അത് മാത്രം അക്ഷരാര്‍ത്ഥത്തില്‍ പ്രയോഗ വത്കരിച്ചാല്‍ ഗ്രാമമല്ല, ഈ രാജ്യം തന്നെ ഇസ്ലാമിന് മുന്നില്‍ പ്രണമിക്കും. അതോടൊപ്പം ഇന്നത്തെ യുവതയെ നേര്‍വഴിയിലേക്ക് നയിക്കുകയും ഉത്തമ പൌരന്മാരായി വളരാന്‍ നിരന്തരം ഇടപെടുകയും വേണം.ഭാരതത്തിലെ മനുഷ്യരെ മനുഷ്യരായി കാണാന്‍ അധികാരികളെ നിര്‍ബന്ധിക്കുന്ന ഒരേ ഒരു സമയമായ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ കക്ഷി രാഷ്ട്രീയത്തെ അതിജീവിച്ച് മനുഷ്യപക്ഷത്തെ , നന്മയുടെ പക്ഷത്തെ പ്രതിനിധാനം ചെയ്യുന്നവരെ കൂട്ടായി പിന്തുണയ്ക്കാനും തയ്യാറാവണം.

മദ്രസ്സകളില്‍ പഠിപ്പിക്കുന്ന അടിസ്ഥാന അറിവുകള്‍ക്ക് ഉപരിയായി വ്യക്തിത്വ വികാസം ഉണ്ടാക്കുന്ന ക്ലാസ്സുകള്‍ നടത്തുവാന്‍ സമയം കണ്ടെത്തണം. രാവിലത്തെ ശുഷ്കമായ പഠന സമയം കഴിഞ്ഞാല്‍ യുവതീ യുവാക്കളെ തൊഴില്‍ പഠിപ്പിക്കാന്‍ പറ്റുന്ന സംരംഭങ്ങള്‍ തുടങ്ങണം.മൌലവിമാരുടെ പ്രാചീന കാലം മുതല്‍ അനുവര്‍ത്തിച്ചു പോരുന്ന “ചെലവ്”സമ്പ്രദായം ( വീട് വീടാന്തരം ) നിര്‍ത്തലാക്കി യോഗ്യതയുള്ള മതാധ്യാപകരെ നിയമിച്ച് മാന്യമായ ശമ്പളം നല്‍കുകയും മെസ്സ് സംവിധാനം ഉണ്ടാക്കി അവരെ തന്നെ അത് ഏല്‍പ്പിക്കുകയും വേണം.

വിവാഹങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആര്‍ഭാഡങ്ങളും (സ്ത്രീധനവും പൊന്നും ഉള്‍പ്പെടെ )പരിമിതപ്പെടുത്തുകയും അത് തെറ്റിക്കുന്നവരുമായി മഹല്ല് അടിസ്ഥാനത്തില്‍ നിസ്സഹകരിക്കുകയും ചെയ്യണം.

ദൈര്‍ഘ്യം ഹാനികരമാണ് ഇവിടെ എന്നതിനാല്‍ നിര്‍ത്തുന്നു. ഒരു നല്ല ഗ്രാമം കണ്ടു മരിക്കാന്‍ നമുക്കെല്ലാവര്‍ക്കും അല്ലാഹു ഭാഗ്യം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.