Sunday, September 21, 2025
മുഹമ്മദലി സാഹിബ് വിടപറഞ്ഞു
Monday, July 21, 2025
ഹഫ്‌സത്ത ഇനി ഓര്‍മകളില്‍
ദീർഘകാലം ജമാഅത്തെ ഇസ്ലാമി പാടൂർ പ്രദേശിക വനിതാ ഘടകത്തിൻ്റെ നാസിമത്തായിരുന്നു. ഏരിയാ സമിതി, ജില്ലാ സമിതി എന്നിവയിലും പ്രവര്‍ത്തിച്ചിരുന്നു.
വലിയ ജനാവലിയെ സാക്ഷിയാക്കി പാടൂര്‍ മഹല്ല് ഖബര്‍സ്ഥനില്‍ ഖബറടക്കി.മക്കൾ: മിഖ്‌ദാദ്, യാസർ, ഡോക്ടർ സബീഹ.മരുമക്കൾ: ശബീർ, ഡോക്ടർ നസ്വീഹ.
ശാരീരികമായി ഏറെ പ്രയാസപ്പെടുമ്പോഴും മാനസികമായി ഈമാനികമായി ഉള്‍കരുത്ത് ഹഫ്‌സത്തയുടെ സവിശേഷതയാണ്. മാസങ്ങള്‍ക്ക് മുമ്പ് വീടിനകത്ത് ചെറുതായൊന്നു വീണതിനു ശേഷം പറയത്തക്ക ആശ്വാസം തിരിച്ചു കിട്ടിയിട്ടില്ല എന്ന് അനുമാനിക്കുന്നു.ഞങ്ങള്‍ വിദേശത്തേക്ക് പുറപ്പെടും മുമ്പ് കാണാന്‍ ചെല്ലുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും പ്രയാസപ്പെട്ട അവസ്ഥയിലായിരുന്നു.വാരികയും മാസികയും പുസ്‌തകവും തലയിണക്കരികെ തന്നെ കണ്ടു.വെറുതെ ഒന്ന് കയ്യിലെടുത്തപ്പോള്‍ 'മോനേ വായിക്കാന്‍ കിട്ടിയ അസുലഭാവസരം' എന്നായിരുന്നു അവരുടെ നര്‍മം കലര്‍ന്ന വര്‍ത്തമാനം.
ജീവിതത്തിലെ ഏതു പ്രതിസന്ധിയും പ്രതിബദ്ധങ്ങളും അനുകൂലമാക്കി ചിന്തിക്കുകയും ദൃഡ ചിത്തതയോടെ ജീവിതത്തെ അഭിമുഖീകരിക്കുകയും ചെയ്യുക എന്ന അതി മനോഹരമായ പാഠം തനിക്ക് ചുറ്റുമുള്ളവര്‍ക്ക് അനുഭവേദ്യമാക്കി കൊടുക്കുന്നതില്‍ വിജയിച്ച മഹതിയായിരുന്നു സ്‌നേഹ നിധിയായ ഹഫ്‌സത്ത.
പാടൂരും പരിസര പ്രദേശങ്ങളിലും വിശിഷ്യാ സ്‌ത്രീകള്‍ക്കിടയില്‍ പ്രാസ്ഥാനിക ചലനങ്ങളെ സജീവമാക്കുന്നതില്‍ ഹഫ്‌സത്താടെ ഭാഗധേയത്വം അവിസ്‌മരണിയമാണ്. സാന്ത്വന സേവന പാതയില്‍ വിശ്രമമില്ലാതെ ഓടിനടക്കുന്നതില്‍ ഒരു പരിഭവവും ഇല്ലാത്ത നിഷ്‌കളങ്കയായ ഇത്തയുടെ വേര്‍പാട് നികത്താനാകാത്ത വിധം എന്നതില്‍ അതിശയോക്‌തിക്ക് ഇടമില്ല.
എത്ര കടുത്ത ജീവിത പരീക്ഷണങ്ങള്‍ക്കിടയിലും ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിന് പ്രഥമ പ്രാധാന്യം കല്‍പിക്കുന്ന പാറിപ്പറന്നു നടക്കുന്ന ചിറകുള്ള മാലാഖ.
അംഗപരിമിതനായി ജനിച്ച ആദ്യത്തെ കണ്‍മണി മിഖ്‌ദാദിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ മഹതി മറ്റുമക്കളുടെ വിദ്യാഭ്യാസത്തിലും തുടര്‍ പഠനങ്ങളില്‍ ശ്രദ്ദകേന്ദ്രീകരിക്കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തി എന്നതും എടുത്തു പറയേണ്ടത് തന്നെ.
ബുദ്ധിമാന്ദ്യം എന്ന പ്രയോഗത്തെ തന്നെ പൂര്‍ണ്ണമായും അപ്രസക്തമാക്കി മിഖ്‌ദാദ് ഉമ്മയെ കുറിച്ച് ഓര്‍ക്കുന്നതും പറയുന്നതും ഹൃദയഭേദകമാണ്.ഉമ്മയുടെ വേര്‍പാടിന് ശേഷം അവനില്‍ ക്ഷിപ്രവേഗത്തിലെന്ന പോലെ വന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു..
തൻ്റെ പ്രിയപ്പെട്ട ഉമ്മയുടെ അഭാവത്തിൽ ഈ നാൽപതാം വയസ്സിലാണ് തൻ്റെ അനാഥത്വം തിരിച്ചറിയാൻ പോകുന്നത്.എവിടെ പോകുമ്പോഴും കൂടെ കൊണ്ടുപോകുന്ന, പത്തുമാസം പോലെ പത്തുവയസ്സുവരെയും ചുമന്നു നടന്നിരുന്ന ആ സ്‌നേഹനിധിയായ ഉമ്മ ഇനിയില്ല....
പാടൂര്‍ ഗ്രാമത്തില്‍ പലര്‍ക്കും ഹഫ്‌സത്ത് ഒരു ഉമ്മയെ പോലെ ആയിരുന്നപ്പോൾ മറ്റുചിലർക്ക് സഹോദരി അതുമല്ലെങ്കിൽ സ്വന്തം കൂടെപിറപ്പ്.പരീക്ഷണങ്ങൾ ഒന്നിനു പുറകെ ഒന്നായി ഏറെ അഭിമുഖീകരിക്കേണ്ടി വന്നു എങ്കിലും അവരുടെ വിശ്വാസം ദൃഡ നിശ്ചയം കർമ മണ്ഡലത്തിൽ നൈരന്തര്യം കാത്ത് സൂക്ഷിക്കാനായ മഹതി.ഒരുഗാമം മുഴുവന്‍ ഉണര്‍ന്നിരുന്ന് യാത്രയാക്കിയ പ്രിയപ്പെട്ട ഹഫ്‌സത്ത ഇനി ഓര്‍മകളില്‍.
പ്രാര്‍ഥനകളോടെ
അസീസ് മഞ്ഞിയില്‍
Sunday, July 20, 2025
നിര്യാതയായി
മക്കൾ: മിഖ്‌ദാദ്, യാസർ, ഡോക്ടർ സബീഹ.മരുമക്കൾ: ശബീർ, ഡോക്ടർ നസ്വീഹ.
-----------
Tuesday, July 8, 2025
ഉദയം സീനിയേര്‍സ് സംഗമം
ഇതിന്റെ പ്രതിഫലനങ്ങളും പ്രതികരണങ്ങളും നമ്മുടെ പ്രദേശത്ത് ഒരു പരിധിവരെ ദൃശ്യമാണ്.ദാനധര്‍മങ്ങളുടെ യഥവിധിയുള്ള സമാഹരണവും വിതരണവും,ഫിത്വര്‍ സകാത്ത് സംഭരണവും വിതരണവും മഹല്ല് കേന്ദ്രീകത ഉദുഹിയത്ത്,വെള്ളിയാഴ്ചകളിലെ മാതൃഭാഷയിലെ ഉദ്‌ബോധനം,വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനുള്ള താല്‍പര്യം,മാന്യമായ വേഷവിധാനങ്ങളോടുള്ള ആഭിമുഖ്യം സാമുദായികതയുടെ കുടുസ്സില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്ന മാനവിക വീക്ഷണത്തിലേയ്‌ക്കുള്ള വളര്‍ച്ച തുടങ്ങിയവ എടുത്ത് പറയാവുന്ന മാറ്റങ്ങളില്‍ ഉദയം പഠനവേദിയുടെ സ്വാധീനവും പ്രസ്താവ്യമാണ്.
പുതിയ കാലത്തിന്റെ തേട്ടമനുസരിച്ചുള്ള പുതുപുത്തന്‍ വിഭാവനകളുമായി ഭാവിതലമുറയെ ഈ ദൗത്യത്തിന്റെ പിന്‍മുറക്കാരാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് അടിവരയിട്ട് കൊണ്ട് സംഗമം സമാപിച്ചു.
അസീസ് മഞ്ഞിയില്‍.എന്‍.പി അഷ്‌റഫ്,കെ.എച് കുഞ്ഞു മുഹമ്മദ്,എം.എം അബ്‌ദുല്‍ ജലീല്‍,അബുദുല്‍ ഖാദര്‍ പുതിയവീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Saturday, June 28, 2025
പ്രവാസി വെല്‍ഫെയര്‍ സാഹോദര്യയാത്ര
Friday, June 20, 2025
മഹല്ല് കോഡിനേഷന്‍
2025 മെയ് 16 ന് വിളിച്ചു ചേര്‍ത്ത പ്രാഥമിക കൂടിയാലോചനാ യോഗത്തില്‍ ചര്‍ച്ച ചെയ്‌തതിന്റെ സംക്ഷിപ്‌തം.
--------------
തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസ്സോസിയേഷന്‍,ജില്ലയിലെ പ്രമുഖ പ്രാദേശിക കൂട്ടായ്‌മകളുടെ നേതൃ സംഗമം സംഘടിപ്പിച്ചു.
രാജ്യത്തെ സാമൂഹ്യ സാംസ്‌ക്കാരിക അപജയങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും സങ്കല്‍പാതീതമായി ഒരു രാജ്യത്തിന്റെ സാമൂഹ്യാവസ്ഥയെ തന്നെ തകിടം മറിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിനെ ക്രിയാത്മകമായി നേരിടുന്നതിനെ കുറിച്ചുള്ള പ്രാഥമികമായ ആലോചനകളായിരുന്നു യോഗ അജണ്ട.സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍ താല്‍ക്കാലികമായുണ്ടാകുന്ന ആവേശത്തിലൊതുങ്ങാത്ത ജാഗ്രതയോടെയുള്ള പരിഹാരം എന്നതാണ് ഇതിന് മുന്നിട്ടിറങ്ങിയവരുടെ വിഭാവന.
ലഹരി മാരകമായ വിധം സമൂഹത്തെ ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്നെതിരെ പ്രത്യക്ഷത്തിലുള്ള പോരാട്ടമെന്നതിലുപരി മറ്റു കര്‍മപരിപാടികളിലൂടെ സമൂഹത്തെ സംസ്‌കരിക്കുന്ന സമഗ്രമായ പരിഹാരം എന്നതായിരിക്കും ആരോഗ്യകരം.
പ്രാദേശികമായി പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്‌മകളിലൂടെ ഓരോ മഹല്ല് സംവിധാനങ്ങളുടേയും പ്രാതിനിധ്യത്തോടെ സംസ്‌കരണ പദ്ധതികളും, ദീര്‍ഘവീക്ഷണത്തോടെയുള്ള അജണ്ടകളും,കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും ക്രമപ്പെടുത്താന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.അതു വഴി ക്രമപ്രവൃദ്ധമായി സമൂഹത്തെ ഉണര്‍ത്താനും ഉയര്‍ത്താനും ഉതകുന്ന വിവിധ തലത്തിലും തരത്തിലുമുള്ള കര്‍മ സരണികള്‍ ഒരുക്കിയെടുക്കാനും കഴിഞ്ഞേക്കും.
--------------
ചര്‍ച്ചക്ക് തുടക്കം കുറിച്ച ചില തലക്കെട്ടുകള്‍
==========
01.മഹല്ല് സര്‍വേ
02.സര്‍ക്കാര്‍ ജോലി
03.ആരോഗ്യ ബോധവത്കരണം
04.ക്ലബ്ബുകള്‍/ കളിക്കളങ്ങള്‍
05.സാമ്പത്തിക ബോധവത്കരണം
06.പ്രാദേശികാടിസ്ഥാനത്തില്‍ ധനശേഖരണം
07.കേന്ദ്ര സംസ്ഥാന സേവനങ്ങള്‍/സഹായങ്ങള്‍
08.കാര്‍ഷിക സഹായങ്ങള്‍
09.തൊഴില്‍ സംരംഭങ്ങള്‍ക്ക് കൈതാങ്ങ്
10.പ്രി.പോസ്റ്റ് മെറിറ്റല്‍ കൗന്‍സിലിങ്
============
തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ തൃശൂര്‍ ജില്ലാ മഹല്ല് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ പ്രാഥമിക കൂടിയിരുത്തം വി.എ അബ്‌ദുല്‍ റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.പ്രാര്‍ഥനക്കും ആമുഖത്തിനും ശേഷം ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍:-
➡️ജില്ലയിലെ പ്രവാസി പ്രാദേശിക കൂട്ടായ്‌മകള്‍/പ്രവാസി മഹല്ല് കൂട്ടായ്‌മകള്‍ തുടങ്ങിയവയുടെ കഴിയാവുന്നത്ര പ്രാതിനിധ്യത്തോടെ വികസിപ്പിക്കാനുദ്ദേശിക്കുന്ന ഈ പൊതു വേദിയുടെ ആദ്യ ഒത്തുകൂടലില്‍ നല്‍കിയ ടിഡിസിസി എന്ന പേര് താല്‍ക്കാലികം മാത്രമാണ്.
➡️ഈ സംവിധാനത്തിന് ഉചിതമായ ഒരു പേര് കണ്ടെത്തണം.
➡️ആമുഖം രേഖപ്പെടുത്തിയ പോലെ വിഷനും മിഷനും കൃത്യമായി രേഖപ്പെടുത്തപ്പെടണം.
➡️പ്രാദേശിക കൂട്ടായ്‌മകളുടെ പ്രതിനിധികള്‍/മഹല്ല് കൂട്ടായ്‌മകളുടെ പ്രതിനിധികള്‍ എന്നിവരെ പ്രസ്‌തുത സമിതികളുടെ അംഗീകാരത്തോടെ ഇനിയും ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.
➡️ഈ സംവിധാനത്തിന്റെ പ്രാഥമികകാല പ്രവര്‍ത്തനങ്ങളില്‍ നാട്ടിലെ സാമൂഹ്യ സാംസ്‌ക്കാരികാന്തരീക്ഷത്തെ കൃത്യമായി അഡ്രസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പൊതു താല്‍പര്യ അജണ്ടകള്‍ക്ക് പ്രാധാന്യം നല്‍കണം.
➡️വിശ്വാസികള്‍ക്കിടയിലെ വിവിധ ധാരകൾക്കതീതമായി സമൂഹ നന്മയിലധിഷ്‌ടിതമായിരിയ്ക്കും ഇതിൻ്റെ പ്രവർത്തനങ്ങൾ.
➡️വേനലവധിക്ക് ശേഷം കുറച്ചു കൂടെ വിശാലാര്‍ഥത്തില്‍ ഒത്തു കൂടണം.
-------------
ജൂണ്‍ 20 വെള്ളിയാഴ്‌ച ഉച്ച ഭക്ഷണത്തിനു ശേഷം ചേര്‍ന്ന യോഗം രണ്ട് മണിക്കൂറോളം നീണ്ടു നിന്നു.വിവിധ പ്രാദേശിക കൂട്ടായ്‌മകളില്‍ നിന്നായി പതിനൊന്നു പേര്‍ പങ്കെടുത്തു.
===========
20.06.2025
Sunday, June 1, 2025
അംഗീകാരങ്ങളുടെ നിര്‍വൃതിയില്‍
Wednesday, May 14, 2025
വിജയത്തിളക്കത്തില്‍ ഫിദയും ഫവാസും
Saturday, May 3, 2025
സ്‌നേഹാദരം
Saturday, November 2, 2024
മുഐമിന്‍ മാഷ് യാത്രയായി
അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.
===========
അബ്‌ദു റഹ്‌മാന്‍ കേലാണ്ടത്ത് എഴുതുന്നു ....
എനിക്കൊരിക്കലും മറക്കാനാവാത്ത പ്രിയപ്പെട്ട അദ്ധ്യാപകനാണ് മർഹൂം മുഐമിൻ മാഷ്. രണ്ടാഴ്ച മുമ്പ് ഞാൻ ചേറ്റുവ ഹോസ്പിറ്റലിൽ മകന്റെ ചികിത്സാർത്ഥം നിൽക്കവേ അദ്ദേഹത്തെ അവിടെക്ക് കൊണ്ട് വരികയുണ്ടായി. സോഡിയം കുറഞ്ഞ അവശതയിലാണ് അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഡ്രിപ്സ് കയറ്റികൊണ്ടിരിക്കെ തന്നെ അദ്ദേഹം സുഖം പ്രാപിച്ചു കണ്ടു. തൊട്ടടുത്ത ബെഡിൽ എന്റെ മകനും കിടപ്പുണ്ടായിരുന്നു. ഇരുവരും കമ്പനിയായി. അകത്തേക്ക് കടന്ന എന്നെ സമീപത്തേക്ക് വിളിച്ചു മകനെ എന്തെ പരിചയപ്പെടുത്താഞ്ഞത് എന്ന് എന്നോട് പരിഭവം പറഞ്ഞു.വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു.പിന്നെ മനോഹരമായി ചിരിച്ചു കൊണ്ട് എന്നെ കുറെ നോക്കികിടന്നു. ആ ചിരി എന്റെ മനസ്സിൽ തങ്ങി നിന്നത് അത് എനിക്ക് കിട്ടിയ അവസാനത്തെ നോട്ടവും ചിരിയുമായിരുന്നത് കൊണ്ടാവാം എന്ന് ഇപ്പോൾ ഞാൻ വിചാരിക്കുന്നു.
ക്‌ളാസ്‌മുറിയിൽ കുറുമ്പ് കാണിക്കുമ്പോഴും അദ്ദേഹത്തിന് ഇത് പോലെ നിശബ്ദമായ ഒരു നോട്ടവും ചിരിയുമുണ്ടായിരുന്നു. അപ്പോളൊക്കെ വിയർത്തിട്ടുണ്ട് ഞാൻ. അത് ചൂരൽവരവിന്റെ മുന്നോടിയായുള്ള ചിരിയായിരുന്നു. അദ്ദേഹത്തിന്റെ ചൂരൽ പ്രയോഗം അത്യാവശ്യം ചൂടൊക്കെ ഉള്ളതായിരുന്നു.
വെന്മേനാട് സ്‌കൂളില്‍ 8'9'10 ക്ലാസ്സുകളിൽ ഇംഗ്ലീഷും ബയോളജിയും അദ്ദേഹമാണ് പഠിപ്പിച്ചിരുന്നത്. നൂറു മേനി ഹൃദ്യമായിരുന്നു ക്ലാസ്. അത് കൊണ്ട് തന്നെ ഞാനാ വിഷയങ്ങളിൽ ലീഡിങ് നിലനിർത്തി. പാഠ പുസ്‌തകങ്ങള്‍ക്കപ്പുറത്ത് ഒരു പാട് ചിന്തനീയമായ പൊതു വീജ്ഞാനങ്ങൾ അദ്ദേഹം പകർന്നു തന്നിരുന്നു. അധികവും ശാസ്ത്ര വിഷയങ്ങൾ.അവയുടെ വിസ്മയലോകങ്ങളിലേക്ക് ചിന്തയെ തട്ടിയുണർത്തുന്ന ഭാഷ്യത്തോടെ, അതെല്ലാം മനസ്സിൽ വെച്ച് ശാസ്ത്രവിചാരം മാസികയിലും മറ്റും പല ലേഖനങ്ങളും പിൽകാലത്ത് ഞാൻ എഴുതിയിട്ടുണ്ട്. അവകൾ പലതും അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് പോയി സമർപ്പിച്ചിട്ടുണ്ട്.ഇതെല്ലാം മാഷ് ക്ലാസ് എടുക്കുമ്പോൾ നൽകിയ സൂചനകളുടെ എലാബൊറേഷൻ ആണ് എന്ന് പറഞ്ഞു കൊണ്ട്.എന്തൊരു സന്തോഷമായിരുന്നുവെന്നോ അപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്ത്.ഞാൻ ഇടക്കെല്ലാം അദ്ദേഹത്തെ വീട്ടിൽ ചെന്ന് സന്ദർശിക്കുന്നവനായിരുന്നു. അതിന് വേറെയും കാരണമുണ്ട്.
അദ്ദേഹത്തിന്റെ പിതാവ് എന്റെ ബാപ്പാന്റെ ആത്‌മ മിത്രമായിരുന്നു.ബാപ്പ തൊയക്കാവ് മഹല്ലിലെ ദീർഘകാല ഖത്തീബ് ആയിരുന്നുവല്ലോ. ബാപ്പയോടൊപ്പം ആ തറവാട്ടിൽ ഞാൻ ഒട്ടേറെ തവണ കയറിയിറങ്ങിയിട്ടുണ്ട്. ബാപ്പാന്റെ കാലാശേഷവും ഞാനാ ബന്ധം നിലനിർത്തി പോന്നിരുന്നു.ഇനിയുമുണ്ട് കഥ. തൊയക്കാവ് പള്ളിയിൽ ബാപ്പ നടത്തിയിരുന്ന ദർസിൽ കിതാബ് ഓതി പഠിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു മുഹൈമിൻ മാഷ്. അതെ ബാപ്പാന്റെ ശിഷ്യൻ എന്റെ ഗുരു!എന്നാൽ താനൊരു ഗുരുവാണ് എന്ന നിലയിലല്ല അദ്ദേഹം പിൽകാലങ്ങളിൽ എന്നെ കണ്ടിരുന്നത്. അടുത്ത ചങ്ങാതിയെ പോലെയാണ് എന്നോട് എവിടെവെച്ചും പെരുമാറിയിരുന്നത്.വിനയം മഹത്വത്തിന്റെ ദർപ്പണമാണല്ലോ.ഗുരു ഭക്തിയും. അത് കൊണ്ട് തന്നെയായിരിക്കണം എല്ലാ റമളാനിലും അദ്ദേഹം ബാപ്പാന്റെ ഖബർ സിയാറത്ത് ചെയ്യാൻ മുടക്കമില്ലാതെ വന്നിരുന്നത്. ഇനി അദേഹത്തിന്റെ ഖബറിടവും നമുക്ക് സിയാറത്ത് ചെയ്യാം...
ഞാനാ നല്ല മനുഷ്യനെ, നല്ല അദ്ധ്യാപകനെ എന്നും ഓർക്കും. അദ്ദേഹം അതിനർഹനാണ്. എന്റെ പ്രാർത്ഥനകളിൽ അദ്ദേഹം ഉണ്ടാവും. ഇൻശാ അല്ലാഹ്.
അല്ലാഹുമ്മ അദ്ഖിൽനാ വ അദ്ഖിൽഹുൽ ജന്ന:
=========
എഴുപതുകളില്‍ വെന്മെനാട് എം.എ.എസ്.എം വിദ്യാലയത്തില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍,വിവിധ തരങ്ങളിലും വിഷയങ്ങളിലും പഠിപ്പിച്ചു കൊണ്ടിരുന്ന സ്‌നേഹ സമ്പന്നരായ ഗുരുനാഥന്മാരെയും ഗുരുനാഥകളെയും ഓര്‍ത്തു പോകുന്നു.ആദരണീയരായ ഉട്ടൂപ്പുണ്ണി ,ജോര്‍ജ്, വിജയന്‍ ,മുഐമിന്‍ തുടങ്ങിയ അധ്യാപകരും ശാരദ,ഫാത്തിമ,ഐഷ,ജമീല തുടങ്ങിയ അധ്യാപികമാരും ഓര്‍മയിലെ താരങ്ങളാണ്.
ഇതില്‍ പലരും മണ്‍മറഞ്ഞിരിക്കുന്നു.കഴിഞ്ഞ ദിവസം മുഐമിന്‍ സാറും വിടപറഞ്ഞു.സ്വര്‍ണ നിറമുള്ള കണ്ണടവെച്ച് സുസ്‌മേരവദനനായ മുഐമിന്‍ സാറിന്റെ വാര്‍ദ്ധക്യ സഹജമായ മാറ്റങ്ങളുള്ള മുഖം കാണുമ്പോഴും പഴയകാല ചിത്രമാണ് തെളിഞ്ഞു നില്‍ക്കുന്നത്.
അദ്ദേഹം ക്ലാസ് തുടങ്ങുന്നതിന്റെ ഭാഗമായി എന്തെങ്കിലും ഒരു പൊതു വിവരം വിദ്യാര്‍ഥികളുമായി പങ്കുവെക്കുമായിരുന്നു.ഒരു പത്ര വാര്‍ത്തയായിരിക്കാം അതുമല്ലെങ്കില്‍ വായനാനുഭവത്തില്‍ നിന്ന്.ക്ലാസ് മുറി തികച്ചും പാകപ്പെട്ടെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ് തന്റെ പാഠഭാഗത്തിലേക്ക് കടക്കുമായിരുന്നുള്ളൂ.മാത്രമല്ല കഴിഞ്ഞ പാഠഭാഗങ്ങളില്‍ അടിവരയിട്ട കാര്യങ്ങള്‍ ഒരിക്കല്‍ കൂടെ ആവര്‍ത്തിക്കുകയും കൃത്യതയും വ്യക്തതയും വരുത്തുമായിരുന്നു.കുട്ടികള്‍ ശ്രദ്ദിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പാഠമെടുത്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവും ഉണ്ടായിരുന്നു.
ചോദ്യങ്ങളുടെ കാര്യം കുറിച്ചപ്പോള്‍ രസകരമായ ഒരു അനുഭവം ഓര്‍മയിലെത്തുന്നു.
എല്ലാ പദാർഥങ്ങളും നിർമിക്കപ്പെട്ടിരിക്കുന്ന സൂക്ഷ്‌മകണങ്ങളാണ് ആറ്റങ്ങൾ. ആറ്റങ്ങളെ വിഭജിക്കാൻ കഴിയില്ല.ജോൺ ഡാൾട്ടന്റെ അറ്റോമിക സിദ്ധാന്തത്തിലെ പ്രധാന സങ്കൽപങ്ങളിൽ ഒന്നായിരുന്നു ഇത്. വാതകങ്ങളിലൂടെയുള്ള വൈദ്യുത ചാലകതയെക്കുറിച്ചുള്ള പഠനത്തിനായി പരീക്ഷണങ്ങൾ ആദ്യമായി ആരംഭിച്ച വര്‍ഷവും ശാസ്‌ത്രജ്ഞന്റെ പേരും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു.പദാർഥങ്ങളിൽ പോസിറ്റീവ് ചാർജ് , നെഗറ്റീവ് ചാർജ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ചാർജുകൾ ഉണ്ടെന്നും ഈ ചാർജുകളാണ് ഒരു പദാർഥത്തിന് മറ്റൊരു പദാർഥവുമായി പ്രവർത്തിക്കാനുള്ള കഴിവുണ്ടാക്കുന്നത്,തുടങ്ങിയ കാര്യങ്ങളും വിവരിച്ചു.തുടര്‍ന്ന് ഈ ശാസ്‌ത്രജ്ഞന്റെ പേരും വര്‍ഷവും അദ്ദേഹം അന്വേഷിച്ചു.
ആരും ഒന്നും പറഞ്ഞില്ല.ഹൃദയതാളം വേഗത്തിലാകുന്ന പോലെ.ഒരുവിധം ഉത്തരമൊക്കെ പറയുന്നയാള്‍ എന്ന പരിഗണനയില്‍ പലപ്പോഴും രക്ഷപ്പെട്ട് പോകാറുണ്ട്.ഇത്തവണ ശരിക്കും കുടുങ്ങി.സത്യത്തില്‍ എനിക്ക് ഓര്‍മ്മയില്ലായിരുന്നു.അറിയില്ലായിരുന്നു.
ഒടുവില്‍ ചോദ്യം എന്റെ നേര്‍ക്ക്.
അതൊന്ന് പറഞ്ഞു കൊടുത്തേക്ക് അസീസേ...
ഉത്തരം പറയാനാകാതെ എഴുന്നേറ്റ് നിന്ന രീതി ഇപ്പോഴും ഒരു ചിത്രീകരണത്തിലെന്ന പോലെ മനസ്സിലുണ്ട്.അതിലുപരി അദ്ദേഹം സരസമായി പ്രതികരിച്ച ശൈലിയും.
പിന്നെന്തിനാ മോനേ എല്ലാം അറിയുന്നമട്ടിലിരുന്നത് ...!
ഒരു നിശബ്‌ദ മുഹൂര്‍ത്തതിനു ശേഷം അദ്ദേഹം വീണ്ടും പാഠം തുടര്‍ന്നു.
(അറ്റോമിക് സിദ്ധാന്തത്തിലെ പ്രധാന സങ്കല്‍പങ്ങള്‍ 1859 ല്‍ ജൂലിയസ് പ്ലക്കര്‍.വൈദ്യുതി ചാലകതയെ കുറിച്ചുള്ള പഠനങ്ങള്‍ സര്‍ ഹംഫ്രി ഡേവി ) ഇതായിരുന്നു ഉത്തരം.
ഈ ഓര്‍മകളിലൂടെ ഊളയിട്ടിറങ്ങിയപ്പോള്‍ പത്താം തരത്തില്‍ ഒരിക്കല്‍ കൂടെ മുന്‍നിര ബഞ്ചില്‍ ഇരിക്കാനായ പ്രതീതി.
-----------
മറ്റൊരു അനുഭവം
ഭൂമിയില്‍ നിന്നും ഒന്നും നിശേഷം നശിപ്പിക്കാന്‍ മനുഷ്യന് സാധ്യമല്ല എന്ന് അദ്ദേഹം പറഞ്ഞു.എന്തുകൊണ്ട് കഴിയില്ല എന്ന് കുട്ടികളും.
തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു.ഒരു വസ്‌തുവിനെ രൂപാന്തരങ്ങള്‍ സംഭവിപ്പിക്കാന്‍ മനുഷ്യന് കഴിയും.തീര്‍ത്തും ഇല്ലാതാക്കാന്‍ സാധ്യമല്ല.ഒരു വസ്‌തു കത്തിച്ചു കഴിഞ്ഞാല്‍ അത് അത് കനലാകും കരിക്കട്ടയാകും.പിന്നീട് ധൂളികളായേക്കും ശേഷം മണ്ണില്‍ ചേരുമായിരിക്കും.ഒരര്‍ഥത്തില്‍ എല്ലാം മണ്ണിന്റെ ഭാഗമാണ്.നിര്‍മിക്കാനും സംഹരിക്കാനും കഴിവുള്ളവന്‍ ജഗന്നിയന്താവ് മാത്രമാണ്.
---------
ആദരണീയനായ ഗുരുനാഥന്റെ സ്‌മരണകളെ ഓര്‍ത്തെടുത്തും യശശ്ശാരീരനായ അദ്ദേഹം പൊഴിച്ചിട്ട തൂവലുകളില്‍ തൊട്ടും തലോടിയും പ്രാര്‍ഥനയോടെ ....
===========
അസീസ് മഞ്ഞിയില്‍
Saturday, March 23, 2024
സലാഹുദ്ധീന്‍ തങ്ങള്‍ നിര്യാതനായി
Tuesday, February 20, 2024
അന്‍സാര്‍ എരവളപ്പില്‍ മരണപ്പെട്ടു
പാവറട്ടി:എരവളപ്പിൽ അൻസാർ (41) വാഹനാപകടത്തിൽ മരണപ്പെട്ടു.തളിക്കുളം പുത്തൻതോട് അഷ്‌റഫിന്റെയും പാവറട്ടി എരവളപ്പിൽ ഫാത്തിമ്മയുടെയും മകനാണ് അൻസാർ.
കാലത്ത് തൃശൂർ പടിഞ്ഞാറെ കോട്ടയിൽ വെച്ചുണ്ടായ അപകടത്തിലാണ് മരണം.
പുതുമനശ്ശേരി എരവളപ്പിൽ നാസർ, അസീസ്, അൻവർ, അക്ബർ എന്നിവരുടെ സഹോദരിയുടെ മകനാണ്.
പാവറട്ടി ഖുബ ട്രസ്റ്റ് അനുബന്ധ സംവിധാനങ്ങളും പ്രവാസ ലോകത്തും നാട്ടിലുമുള്ള ഉദയം പഠനവേദിയും അന്‍സാറിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.സര്‍വ്വ ശക്തനായ നാഥന്‍ പരേതന്റെ പാരത്രിക ജീവിതം പ്രകാശ പൂര്‍ണ്ണമാക്കി അനുഗഹിക്കട്ടെ.






















































